സർവരും എന്‍റെ പാതയിൽ,
എന്നിലേക്ക്
മമ വർത്മാനുവർതന്തേ
മനുഷ്യാഃ പാർത്ഥ സർവശഃ.”
ഭഗവദ് ഗീതയിലെ 4.11 ശ്ലോകമാണിത്. ‘ആര്, എന്നെ എപ്രകാരം സമീപിക്കുന്നുവോ ആ പ്രകാരത്തിൽത്തന്നെ ഞാൻ അവരിലേക്ക് എത്തുന്നു. സകല മനുഷ്യരും എല്ലാ പ്രകാരത്തിലും എന്‍റെ പാത പിന്തുടരുന്നു’. ഇത്രയുമാണ് ശ്ലോകത്തിന്‍റെ സാമാന്യമായ അർത്ഥം.
ആരാണ് ഇവിടത്തെ ‘ഞാൻ’? ശ്രീകൃഷ്ണൻ തന്നെ. രണ്ടു കാര്യങ്ങളാണ് കൃഷ്ണൻ ഇവിടെ അർജ്ജുനനോട് പറയുന്നത്. ഒന്ന്, എങ്ങനെ ഭാവന ചെയ്തുകൊണ്ടാണോ ഒരുവൻ എന്നെ സമീപിക്കുന്നത് ആ ഭാവത്തിൽത്തന്നെ ഞാൻ അവനിലേക്ക് എത്തുന്നു. രണ്ട്, എല്ലാ മനുഷ്യരും എന്‍റെ പാത പിന്തുടരുന്നു.
ശരിക്കും ആരാണ് കൃഷ്ണൻ? അദ്ദേഹത്തിന്‍റെ യാഥാർത്ഥ്യം എന്താണ്?
“അഹമാത്മാ ഗുഡാകേശ, സർവഭൂതാശയസ്ഥിതഃ” എന്നാണ് കൃഷ്ണൻ തന്നെക്കുറിച്ചു പറയുന്നത്. ‘നീ ഞങ്ങളുടെ ചിന്തയ്ക്കു വിധേയനാകുന്നത് ഏതെല്ലാം ഭാവങ്ങളിലാണ്’ എന്ന അർജുനന്‍റെ ചോദ്യത്തിന് കൃഷ്ണൻ നൽകുന്ന മറുപടിയാണിത്. സർവഭൂതങ്ങളുടെയും ഉള്ളിന്‍റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ആത്മാവാണ് ഞാൻ എന്ന് അർത്ഥം.
‘എന്‍റെ പരമമായ ഭാവത്തെ അറിയാതെ ഞാൻ മനുഷ്യ ശരീരത്തോടുകൂടിയവൻ ആണെന്ന് മൂഢന്മാർ അവമതിക്കുന്നു’ എന്ന് ശ്ലോകം 9.11-ൽ കൃഷ്ണൻ ഇക്കാര്യം കുറെക്കൂടി വ്യക്തമാക്കുന്നു. ഇതേ കാര്യം തന്നെ 7.24 ശ്ലോകത്തിലും പറയുന്നുണ്ട്. താൻ ഈശ്വരനായ ആത്മാവ് ആണെന്നാണ് കൃഷ്ണൻ 4.6-ൽ വ്യക്തമാക്കുന്നത്.
അതായത്, കൃഷ്ണൻ ആത്മാവാണ്, ഈശ്വരനാണ്. ആത്മാവ് ആണ് ഈശ്വരൻ എന്ന് ഉപനിഷത്തുകൾ ആവർത്തിച്ചു പഠിപ്പിക്കുന്നു.
എന്താണ് ആത്മാവ്? ആത്മാവാണ് ഈശ്വരൻ എന്നു പറയുന്നത് എന്തുകൊണ്ട്?
പ്രപഞ്ച പ്രതിഭാസങ്ങളെ തപസ്സുകൊണ്ട് പടിപടിയായി ആവർത്തിച്ചു കടഞ്ഞപ്പോൾ അന്തിമമായി ലഭിച്ചത് ഓംകാരമാണെന്ന് ഛന്ദോഗ്യ ഉപനിഷത് 2.23.3-ൽ പറയുന്നു. അതായത്, പ്രപഞ്ചത്തിന്‍റെ സത്തയാണ് ഓംകാരം, അതിൽനിന്നാണ് പ്രപഞ്ചം ഉരുത്തിരിഞ്ഞത്. ഓം എന്നത് ആത്മാവിന്‍റെ ശബ്ദപ്രതീകമാണ്. എന്നുവച്ചാൽ, ആത്മാവാണ് പ്രപഞ്ചത്തിന്‍റെ ഉറവിടം. ഒരു മഹാ പ്രപഞ്ചത്തെ ഉള്ളിലൊതുക്കുന്ന അനിർവചനീയമായ സത്ത - അതാണ് ആത്മാവ്.
ഭൂതങ്ങളെയെല്ലാം ഉൾക്കൊള്ളുന്നവനും (ഭൂതഭൃത്) അവയെ ഭവിപ്പിക്കുന്നവനുമാണ് താനെന്ന് കൃഷ്ണൻ 9.5 ശ്ലോകത്തിൽ വ്യക്തമാക്കുന്നു. തന്നിലെ പ്രകൃതിശക്തിയെ (ഭൗതിക ഊർജ്ജത്തെ) ഉപയോഗപ്പെടുത്തി താൻ ഭൂതങ്ങളെയെല്ലാം പുറപ്പെടുവിക്കുന്നുവെന്ന് 9.8 ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നു. ആത്മാവിന്‍റെ ശക്തിയും മാഹാത്മ്യവും ഇതിൽനിന്നു വ്യക്തം.
ഈ പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളും കർമ്മങ്ങളും മൂന്നു കാര്യങ്ങൾക്കുവേണ്ടിയാണെന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നിലനിൽക്കുക, അറിയുകയും അറിയിക്കുകയും ചെയ്യുക, സുഖം തേടുക എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ. ഏതു കർമ്മം എടുത്താലും അതിന്‍റെ പിന്നിലെ പ്രേരകശക്തി ഇവയിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും. ഒന്നുകിൽ നിലനില്പിനുവേണ്ടി, അല്ലെങ്കിൽ അറിയാനും അറിയിക്കാനും വേണ്ടി, അതല്ലെങ്കിൽ സുഖം കിട്ടാൻ വേണ്ടി. അതായത്, ഇവ മൂന്നും അന്തശ്ചോദനകളായി എല്ലാ ജീവികളുടെയും ഉള്ളിലിരുന്ന് അവരെ ഭരിക്കുന്നു.
എന്നും നിലനിൽക്കുന്നതിനെ, കേവലമായ അസ്തിത്വത്തെ 'സത്’ എന്ന വാക്കുകൊണ്ടാണ് വിവക്ഷിക്കുന്നത്. “നാസതോ വിദ്യതേ ഭാവഃ, നാഭാവോ വിദ്യതേ സതഃ” എന്നാണ് ഗീത സത്തിനെപ്പറ്റി 2.16 ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, അസത്തിന് ഉണ്ട് എന്നൊരു അവസ്ഥയില്ല, സത്തിന് ഇല്ല എന്നൊരു അവസ്ഥയില്ല. എന്നുവച്ചാൽ, ഇല്ല എന്നൊരു അവസ്ഥ ഇല്ലാത്തത് എന്താണോ അത് സത് (നാഭാവോ വിദ്യതേ സതഃ); ഉണ്ട് എന്നൊരു അവസ്ഥ ഇല്ലാത്തത് അസത് (നാസതോ വിദ്യതേ സതഃ). ജീവികളിൽ നിലനിൽക്കാനുള്ള അദമ്യമായ പ്രേരണ സത്തിൽനിന്ന് ഉണ്ടാകുന്നതാണ്.
ഈ പ്രപഞ്ചത്തിന്‍റെ ഉത്പത്തിയെപ്പറ്റി അറിയാൻ ഇതിലെ ഏതൊരു വസ്തുവിന്‍റെയും ഉത്പത്തി എവിടെനിന്ന് എന്ന് അന്വേഷിച്ചാൽ മതി. ഒരു വസ്തുവിന്‍റെ ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് നാം പിന്നോട്ടു സഞ്ച രിച്ചാൽ പടിപടിയായി അതിന്‍റെ ഉദ്ഭവസ്ഥാനത്ത് എത്താൻ കഴിയും. ആദ്യം വസ്തുവിന്‍റെ ഘടക മൂലകങ്ങളിലേക്ക് ആവും നാം എത്തുക. അങ്ങനെ നൂറിൽപ്പരം മൂലകങ്ങൾ. അവിടെനിന്ന് വീണ്ടും പിന്നിലേക്ക് പോയാൽ ആറ്റങ്ങളിലേക്കും പിന്നെ സബ് ആറ്റമിക കണികകളിലേക്കും അവസാനം തനത് ഊർജ്ജാവസ്ഥയിലേക്കും നാം ചെന്നെത്തും. കേവല മായ ഊർജ്ജമാണ് അപ്പോൾ ഉള്ളത്.
ഇത് ഭൗതികമായ അവസ്ഥയുടെ കാര്യം. ഈ ലോകത്തുള്ളത് ഭൗതിക ഘടകങ്ങൾ മാത്രമല്ലല്ലോ? ജീവിനുണ്ട്, ബോധമുണ്ട്, ജ്ഞാനമുണ്ട്, ചിന്തകളും വികാരങ്ങളുമുണ്ട്. ഇവയെല്ലാം ആദിയിൽ എവിടെ ആയിരുന്നിരിക്കും. കേവലം ഭൗതിക ഊർജ്ജത്തിൽനിന്ന് ഇവയൊന്നും ഉണ്ടായിവരാൻ സാധിക്കില്ല. കാരണം, ഇവയൊന്നും ഭൗതിക ഊർജ്ജത്തിൽ അടങ്ങിയിരിക്കുന്നവയല്ല. അപ്പോൾ അവയും കൂടി ഉൾച്ചേർന്ന ഒരു അവസ്ഥ ആയിരുന്നിരിക്കണം യഥാർത്ഥത്തിൽ ആദിയിൽ ഉണ്ടായിരുന്നത്. അതായത്, ഭൗതിക ഊർജ്ജം ഏറ്റവും സൂക്ഷ്മാവസ്ഥയിൽ അടങ്ങിയ ഒരു അഭൗതിക സ്വത്വത്തിൽനിന്നാണ് ഈ പ്രപഞ്ചം ഉരുത്തിരിഞ്ഞു വന്നത്. ഈ സ്വത്വത്തെയാണ് ഹിന്ദു ആത്മീയശാസ്ത്രം ആത്മാവ് എന്നു വിളിക്കുന്നത്. ഈ പ്രപഞ്ചത്തിന്‍റെ അതിസൂക്ഷ്മാവസ്ഥയിലുള്ള സ്വത്വം, അതാണ് ആത്മാവ്.
പ്രപഞ്ചോത്പത്തിയെപ്പറ്റിയുള്ള
ഭൗതികശാസ്ത്ര സിദ്ധാന്തങ്ങൾ ഹിന്ദു ആത്മീയ ശാസ്ത്രത്തിന്‍റെ ഈ ദർശനവുമായി എങ്ങനെ ഒത്തു
പോകുന്നു എന്ന് നമുക്ക് നോക്കാം.
പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച്
സയൻസിനു പല സിദ്ധാന്തങ്ങളുമുണ്ടെങ്കിലും
സയന്‍റിസ്റ്റുകൾക്ക് പൊതുവേ സ്വീകാര്യമായത് ‘ബിഗ്
ബാങ്’ സിദ്ധാന്തമാണ്. പുരോഹിതൻ കൂടിയായ
ഒരു ബെൽജിയം ശാസ്ത്രജ്ഞൻ
1931-ൽ ആവിഷ്കരിച്ചതാണ് ഈ
സിദ്ധാന്തം.
വാസ്തവത്തിൽ പ്രപഞ്ചം എവിടെനിന്ന് എങ്ങനെ ഉരുത്തിരിഞ്ഞു എന്നതല്ല, പ്രപഞ്ചത്തിന്‍റെ ഒരു പുനരാവിഷ്കാര പ്രക്രിയയെ മാത്രമാണ്, ഈ സിദ്ധാന്തം വിശദീകരിക്കുന്നത്. ഉണ്ടായിരുന്ന ഒന്ന് സങ്കോചിച്ച് ഏറ്റവും സൂക്ഷ്മാവസ്ഥയിലെത്തിയിട്ട്, പിന്നെ വീണ്ടും വികസിച്ച് പൂർവ സ്ഥിതിയെ പ്രാപിക്കുന്ന പ്രക്രിയ. ഇതാണ് ബിഗ് ബാങ് അവതരിപ്പിക്കുന്നത്. ഇത് നാം മനസ്സിൽ വയ്ക്കണം. ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടാകുന്നില്ലെന്നും ഉള്ളതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല എന്നു മുള്ള ഗീതാപാഠം (2.16) സയൻസും അംഗീകരിക്കുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.
ഈ സിദ്ധാന്തമനുസരിച്ച് ആദിയിൽ പ്രപഞ്ചം അത്യന്ത
സൂക്ഷ്മമായ ഒരവസ്ഥയിലായിരുന്നു. അതിന്‍റെ വലുപ്പം ഒരു
ആറ്റത്തിന്‍റെ മില്യൻ ബില്യൻ ബില്യൻ
ഭാഗങ്ങളിലൊന്നേ വരൂ എന്നാണ്
പറയപ്പെടുന്നത്. അതായത്, അതിന്‍റെ ഭൗതിക
പരിമാണം ഏകദേശം പൂജ്യം ആയിരുന്നു.
ഈ അവസ്ഥയിലുള്ള പ്രപഞ്ചത്തിന്
സിൻഗുലാരിറ്റി എന്നാണ് പേരു നൽകിയിട്ടുള്ളത്. ഏകത്വം
എന്ന് മലയാളത്തിൽ പറയാം.
ഒന്നും വ്യവച്ഛേദിച്ച് അറിയാനില്ലാത്ത
ഏകവും അതിസൂക്ഷ്മവുമായ അവസ്ഥ.
വാസ്തവത്തിൽ പ്രപഞ്ചത്തിന്‍റെ തനത് സത്ത
എന്നത് സിൻഗുലാ രിറ്റി
തന്നെ. അതു വികസിച്ചാണ്
ഇന്നുള്ള പ്രപഞ്ചമായി മാറിയിരിക്കുന്നത്.
എന്നുവച്ചാൽ സിൻഗുലാരിറ്റിയുടെ ഒരു വികസിത
രൂപമാണ് നാം ജീവിക്കുന്ന
പ്രപഞ്ചം.
ഒരു വിസ്ഫോടനം പോലെ വളരെ ശീഘ്രഗതിയിലുള്ള സിൻഗുലാരിറ്റിയുടെ ഈ വികാസത്തെ ഇൻഫ്ലേഷൻ എന്നു വിളിക്കുന്നു. വികാസത്തിന്‍റെ ആദ്യഘട്ടത്തിൽ സബ് ആറ്റമിക കണികകളായ പ്രോട്ടോണും ഇലക്ട്രോണും മറ്റും ഉണ്ടായി; ഉണ്ടായി എന്നതിനെക്കാൾ വെളിപ്പെട്ടു എന്നു പറയുന്നതാവും ശരി. പിന്നീട് അവയുടെ നിയന്ത്രിത കൂടിച്ചേരൽ വഴി ആറ്റം സംജാതമായെന്നും തുടർന്ന് ബൃഹത്തായ ഈ പ്രപഞ്ചം സൃഷ്ടമായെന്നും സിദ്ധാന്തം വാദിക്കുന്നു. ഈ വികാസം ഇപ്പോഴും തുടരുന്നുവെന്നും ഒരുനാൾ അത് നിലച്ച് വീണ്ടും പൂർവാവസ്ഥയിലേക്ക് സങ്കോചിക്കുമെന്നുമാണ് ബിഗ് ബാങ് സിദ്ധാന്തം അവകാശപ്പെടുന്നത്. ഈ വികാസ-സങ്കോച പ്രക്രിയ ആവർത്തിച്ചുകൊണ്ടി രിക്കുമെന്നും സിദ്ധാന്തം വാദിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ആദിയിൽ അതിസൂക്ഷ്മവും അവ്യക്തവുമായ സിൻഗുലാരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അത് ഏകമാണ്, രണ്ടാമതൊന്നില്ല; അതായത്, അദ്വൈതമാണ് അത്. പ്രപഞ്ചം അതിന്‍റെ വികസിത രൂപമാണ്. ഒരിക്കൽ വികസിച്ച് പ്രപഞ്ചമായി മാറുന്ന സിൻഗുലാരിറ്റി ഒരു ഘട്ടം കഴിഞ്ഞാൽ സങ്കോചിച്ച് വീണ്ടും പൂർവാവസ്ഥയെ പ്രാപിക്കുന്നു. ഈ വികാസ-സങ്കോച പ്രക്രിയ തുടർന്നുകൊണ്ടിരിക്കും.
ഇതിൽനിന്നെല്ലാം
വ്യക്തമാകുന്ന ഒരു പ്രധാന
കാര്യം എന്തെന്നാൽ സിൻഗുലാരിറ്റി
എന്ന ഈ ഏകമായ
സത്തയിൽ ഒരു മഹാ
പ്രപഞ്ചം ഉള്ളടങ്ങിയിട്ടുണ്ട് എന്നും അതിനപ്പുറം അതിൽ
ജീവനും ബോധവും വിവിധങ്ങളായ
ജീവജാലങ്ങളും ഇന്നത്തെ പ്രപഞ്ചത്തിൽ നാം
കാണുന്ന മറ്റെല്ലാ വസ്തുക്കളും പ്രതിഭാസങ്ങളും
പ്രകൃതിനിയമങ്ങളുംകൂടി അതി സൂക്ഷ്മാവസ്ഥയിൽ
ഉള്ളടങ്ങിയിരിക്കുന്നു എന്നുമാണ്.
എന്നാൽ ശാസ്ത്രജ്ഞർ ഭൗതിക പ്രപഞ്ചത്തെപ്പറ്റി
മാത്രമേ ബോധവാന്മാരായിട്ടുള്ളു.
അഭൗതികമായ ബോധവും ജീവനും ജീവികളും
കൂടി സിൻഗുലാരിറ്റിയിൽ ഉള്ളടങ്ങിയിട്ടുണ്ട്
എന്ന വസ്തുതയിലേക്ക് അവരുടെ
ചിന്ത പോകുന്നില്ല. ബോധവും
ജീവനും ജീവികളുമൊന്നും ഭൗതികോത്പന്നങ്ങളല്ല എന്ന വസ്തുതയെ
അവർ കാണുന്നില്ല. രാസ
പ്രവർത്തനങ്ങളിൽനിന്നാണ് അവയൊക്കെ ഉണ്ടാകുന്നതെന്ന് അവരിൽ
ചിലർ വാദിക്കുന്നുണ്ട്. അത്
ശാസ്ത്രവിരുദ്ധവും യുക്തിവിരുദ്ധവുമാണ്. കാരണം, രാസപ്രവർത്തനത്തിൽനിന്ന് അവ
ഉണ്ടാകണമെങ്കിൽ ആ പ്രവർത്തനങ്ങളിൽ
പങ്കാളികളാകുന്ന രാസവസ്തുക്കളിൽ അവയുടെ ഘടകങ്ങൾ ഉണ്ടായിരിക്കണം.
ഹൈഡ്രജനും ഓക്സിജനും അടങ്ങിയിട്ടി ല്ലാത്ത
രണ്ടു പദാർത്ഥങ്ങൾ തമ്മിൽ
പ്രതിപ്രവർത്തിച്ചാൽ ഒരിക്കലും ജലം ഉണ്ടാകില്ല.
അതുപോലെ ജീവന്‍റെ അംശങ്ങൾ അടങ്ങിയിട്ടില്ലാത്ത
പദാർത്ഥങ്ങളിൽനിന്ന് ജീവനും ഉണ്ടാവില്ല. അതായത്,
ജീവൻ ആദിയിൽത്തന്നെ
നിലനിൽക്കുന്നുണ്ടായിരുന്നു. ഇന്നും ജീവനുള്ളവ ഉണ്ടാകുന്നത് ജീവനുള്ളവയിൽനിന്നാണല്ലോ? അതുപോലെതന്നെ
ബോധവും. ഇതിനൊന്നും
സങ്കോചം ബാധകമല്ലാത്തതിനാൽ അവ എന്നും
മാറ്റമില്ലാതെ നിൽക്കുന്നു. അവ അവ്യയമാണെന്നർത്ഥം.
ഇപ്രകാരം ജീവിവൈവിധ്യങ്ങളും പുതുതായി ഉണ്ടാകുന്നതാവാൻ വഴിയില്ല.
സിൻഗുലാരിറ്റി പ്രപഞ്ചത്തിന്‍റെ സങ്കോചിതാസ്തിത്വം ആയതി നാൽ
പ്രപഞ്ചത്തിലുള്ള എല്ലാ ജീവിവൈവിദ്ധ്യങ്ങളും
അതിസൂക്ഷ്മാവസ്ഥയിൽ സിൻഗുലാരിറ്റിയിൽ നിലനിൽക്കുന്നുണ്ടാവണം.
ജീവികളുടെ അതിസൂക്ഷ്മാവസ്ഥ എന്നത് അവയുടെ ജീനോം
ശേഖരം തന്നെ ആയിരിക്കണം. അങ്ങനെയായതുകൊണ്ടാണ് ഇൻഫ്ലേഷൻ
സംഭവിക്കുമ്പോൾ അവയെല്ലാം
പടിപടിയായി വിസ്താരിതമായി ഭവിക്കുന്നത്.
ഒരു മഹാ പ്രപഞ്ചത്തെ
ഉള്ളടക്കിയ അത്യന്ത സൂക്ഷ്മമായ ഭൗതികാസ്തിത്വമാണ്
സിൻഗുലാരിറ്റി എന്നും അതിലെ ഭൗതികാംശം ദ്രവ്യരൂപത്തിനപ്പുറമുള്ള
കേവലമായ ഊർജ്ജരൂപത്തിലാണെന്നും നാം കണ്ടു.
ഭൗതികശാസ്ത്രം ഇങ്ങനെയാണ് പ്രപഞ്ചത്തിന്‍റെ ആദിമാവസ്ഥയെ
കാണുന്നത്. ഈ അദ്വൈതാവസ്ഥയോടൊപ്പം
ജീവഭൂതമായ ബോധവും സുഖദുഃഖാദി ദ്വന്ദ്വങ്ങളുടെ
ഏകീകൃത ഭാവമായ ആനന്ദവും
കൂടി ചേരുന്ന സ്വത്വത്തെയാണ്
ഭാരതീയ തത്ത്വചിന്ത ആത്മാവ്
എന്നു വിളിക്കുന്നത്.
ബിഗ് ബാങ് സിദ്ധാന്തം
ആവിഷ്കൃതമാകുന്നത് 1931-ലാണ്. അതിനും
മൂവായിരമോ നാലായിരമോ വർഷങ്ങൾക്കു മുൻപാണ്
ഭഗവദ് ഗീത രചിക്കപ്പെടുന്നത്.
ബിഗ് ബാങ് സിദ്ധാന്തത്തിൽ
പറയുന്നതുപോലെ പ്രപഞ്ചം നിശ്ചിത ഇടവേളകളിൽ
അവതരിക്കപ്പെടുകയും പിൻവലിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഗീത
8, 9 അദ്ധ്യായങ്ങൾ വ്യക്തമാക്കുന്നു. ഒരു കല്പമാണ്
ആ ഇടവേള എന്നും
ഗീത പറയുന്നുണ്ട്. ആയിരം
യുഗങ്ങൾ ചേർന്നതാണ് ഒരു കല്പം.
അത് ഏകദേശം 1752 കോടി
മനുഷ്യവർഷങ്ങൾ വരും എന്നാണ്
ഒരു കണക്ക്. ഇതും
ആധുനിക ശാസ്ത്രത്തിന്‍റെ കണ്ടെത്തലുമായി
ഒത്തുപോകുന്നതാണ്.
കേവലമായ ഭൗതികാസ്തിത്വത്തെ സത് എന്നും
കേവലമായ ബോധത്തെ ചിത് എന്നും
വിളിക്കുന്നു. അവ രണ്ടിനോടും
കൂടി ആനന്ദം കൂടി
ചേർന്നാൽ സത്+ചിത്+ആനന്ദം അഥവാ സച്ചിദാനന്ദം
ആയി. അപ്പോൾ സച്ചിദാനന്ദം
ആണ് ആത്മാവിന്‍റെ സ്വരൂപം
എന്നു വരുന്നു.
മുകളിൽ സൂചിപ്പിച്ചതുപോലെ, ‘സത്’ നിലനില്പിനുള്ള പ്രേരണയായും ‘ചിത്’ അറിയാനും അറിയിക്കാനുമുള്ള
ചോദനയായും ‘ആനന്ദം’ സുഖം തേടാനുള്ള
അഭിവാഞ്ചയായും ഭൂതങ്ങളിൽ പ്രവർത്തിക്കുന്നു. എല്ലാ
ചലനങ്ങളും ഇവയിൽ ഏതെങ്കിലും
ഒന്നിനു വേണ്ടി ഉള്ളതായതിനാൽ ഇവയാണ്
ഭൂതങ്ങളെ ഭരിക്കുന്നത് എന്നു വ്യക്തം.
ഭരിക്കുന്നവനാണ് ഈശ്വരൻ. അതിനാൽ ആത്മാവ്
ആണ് ഈശ്വരൻ.
മനുഷ്യരെല്ലാം
ഏതു പ്രകാരത്തിലായാലും സച്ചിദാനന്ദത്തിന്‍റെ
പാതയിലൂടെ ചലിക്കുന്നു എന്നതിനാലാണ് “മമ
വർത്മാനുവർതന്തേ” എന്നു പറയുന്നത്.
മനുഷ്യരുടെ നാമ-രൂപ
വിഭിന്നതകൾ എന്തുതന്നെ ആയാലും അവരിൽ
പ്രവർത്തിക്കുന്നത് ഈശ്വരനായ ആത്മാവ് ആയതിനാൽ
ഈശ്വരനെ ഏതു രൂപത്തിൽ
നാം ഭജിക്കുന്നുവോ ആ
രൂപത്തിൽ ഈശ്വരൻ നമുക്കു വേദ്യനാകും.
കൃഷ്ണനായും ശിവനായും രാമനായും ക്രിസ്തുവായും
അള്ളാഹുവായും ഒക്കെ നാം
ഇച്ഛിക്കുന്ന പ്രകാരം നമുക്ക് ഈശ്വരൻ
വേദ്യനാകുന്നു. “യേ യഥാ
മാം പ്രപദ്യന്തേ താംസ്തഥൈവ
ഭജാമ്യഹം”.
**************************************************************************

No comments:
Post a Comment