12 February 2025

 

പ്രപഞ്ചവും ജീവനും

ഉണ്ടായത് എങ്ങനെ?

 

ഋഷിസവിധത്തിൽ ശാസ്ത്രജ്ഞരെ

എത്തിക്കുന്ന ഒരു അന്വേഷണം

 

കാർത്തികേയൻ ശ്രീധരൻ

^^^^^^^^^^^^^^^^^^^^^^^^^^

 

ഈ പ്രപഞ്ചവും അതിലെ ജീവനും ജീവികളും ഉണ്ടായതെങ്ങനെ? ഇക്കാര്യത്തിൽ സയൻസ്, അതായത്, ആധുനിക ഭൗതിക ശാസ്ത്രം, എന്താണ് പറയുന്നത്? ഉത്പത്തിയെ  സംബന്ധിച്ച് സയൻസിനു പല സിദ്ധാന്തങ്ങളുമുണ്ടെങ്കിലും സയന്‍റിസ്റ്റുകൾക്ക് പൊതുവേ സ്വീകാര്യമായത് ‘ബിഗ് ബാങ്’ സിദ്ധാന്തമാണ്. പുരോഹിതൻ  കൂടിയായ ഒരു ബെൽജിയം ശാസ്ത്രജ്ഞൻ 1931-ൽ ആവിഷ്കരിച്ചതാണ് ഈ സിദ്ധാന്തം.  

 

വാസ്തവത്തിൽ പ്രപഞ്ചം എവിടെനിന്ന് എങ്ങനെ ഉരുത്തിരിഞ്ഞു എന്നതല്ല, പ്രപഞ്ചത്തിന്‍റെ ഒരു പുനരാവിഷ്കാര പ്രക്രിയയെ മാത്രമാണ്, ഈ സിദ്ധാന്തം വിശദീകരിക്കുന്നത്. ഉണ്ടായിരുന്ന ഒന്ന് സങ്കോചിച്ച് ഏറ്റവും സൂക്ഷ്മാവസ്ഥയിലെത്തിയിട്ട്, പിന്നെ വീണ്ടും വികസിച്ച് പൂർവസ്ഥിതിയെ പ്രാപിക്കുന്ന പ്രക്രിയ. ഇതാണ് ബിഗ് ബാങ് അവതരിപ്പിക്കുന്നത്. ഇത് നാം മനസ്സിൽ വയ്ക്കണം. ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടാകുന്നില്ലെന്നും ഉള്ളതൊന്നും ഒരിക്കലും ഇല്ലാതാകില്ല എന്നുമുള്ള ഗീതാപാഠം (2.16) സയൻസും അംഗീകരിക്കുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.

 

ഈ സിദ്ധാന്തമനുസരിച്ച് ആദിയിൽ പ്രപഞ്ചം അത്യന്ത സൂക്ഷ്മമായ ഒരവസ്ഥയിലായിരുന്നു. അതിന്‍റെ വലുപ്പം ഒരു ആറ്റത്തിന്‍റെ മില്യൻ ബില്യൻ ബില്യൻ ഭാഗങ്ങളിലൊന്നേ വരൂ എന്നാണ് പറയപ്പെടുന്നത്. അതായത്, അതിന്‍റെ ഭൗതിക പരിമാണം ഏകദേശം പൂജ്യം ആയിരുന്നു. ഈ അവസ്ഥയിലുള്ള പ്രപഞ്ചത്തിന് സിൻഗുലാരിറ്റി എന്നാണ് പേരു നൽകിയിട്ടുള്ളത്.  ഏകത്വം എന്ന് മലയാളത്തിൽ പറയാം. ഒന്നും വ്യവച്ഛേദിച്ച് അറിയാനില്ലാത്ത ഏകവും അതിസൂക്ഷ്മവുമായ അവസ്ഥ. വാസ്തവത്തിൽ പ്രപഞ്ചത്തിന്‍റെ തനത് സത്ത എന്നത് സിൻഗുലാരിറ്റി തന്നെ. അതു വികസിച്ചാണ് ഇന്നുള്ള പ്രപഞ്ചമായി മാറിയിരിക്കുന്നത്. എന്നുവച്ചാൽ സിൻഗുലാരിറ്റിയുടെ ഒരു വികസിത രൂപമാണ് നാം ജീവിക്കുന്ന പ്രപഞ്ചം.

 

ഒരു വിസ്ഫോടനം പോലെ വളരെ ശീഘ്രഗതിയിലുള്ള സിൻഗുലാരിറ്റിയുടെ ഈ വികാസത്തെ ഇൻഫ്ലേഷൻ എന്നു വിളിക്കുന്നു.  വികാസത്തിന്‍റെ ആദ്യഘട്ടത്തിൽ സബ് ആറ്റമിക കണികകളായ പ്രോട്ടോണും ഇലക്ട്രോണും മറ്റും ഉണ്ടായി. പിന്നീട് അവയുടെ നിയന്ത്രിത കൂടിച്ചേരൽ വഴി ആറ്റം സംജാതമായെന്നും തുടർന്ന് ബൃഹത്തായ ഈ പ്രപഞ്ചം സൃഷ്ടമായെന്നും സിദ്ധാന്തം വാദിക്കുന്നു. ഈ വികാസം ഇപ്പോഴും തുടരുന്നുവെന്നും ഒരുനാൾ അത് നിലച്ച് വീണ്ടും പൂർവാവസ്ഥയിലേക്ക് സങ്കോചിക്കുമെന്നുമാണ് ബിഗ് ബാങ് സിദ്ധാന്തം അവകാശപ്പെടുന്നത്. ഈ വികാസ-സങ്കോച പ്രക്രിയ ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും ഈ സിദ്ധാന്തം വാദിക്കുന്നു.

 

ചുരുക്കിപ്പറഞ്ഞാൽ, ആദിയിൽ അതിസൂക്ഷ്മവും അവ്യക്തവുമായ സിൻഗുലാരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അത് ഏകമാണ്, രണ്ടാമതൊന്നില്ല; അതായത്, അദ്വൈതമാണ് അത്. പ്രപഞ്ചം അതിന്‍റെ വികസിത രൂപമാണ്. ഒരിക്കൽ വികസിച്ച് പ്രപഞ്ചമായി മാറുന്ന സിൻഗുലാരിറ്റി ഒരു ഘട്ടം കഴിഞ്ഞാൽ സങ്കോചിച്ച് വീണ്ടും പൂർവാവസ്ഥയെ പ്രാപിക്കുന്നു.   ഈ വികാസ-സങ്കോച പ്രക്രിയ തുടർന്നുകൊണ്ടിരിക്കും.

 

ഇതിൽനിന്നെല്ലാം വ്യക്തമാകുന്ന ഒരു പ്രധാന കാര്യം എന്തെന്നാൽ സിൻഗുലാരിറ്റി എന്ന ഈ ഏകമായ സത്തയിൽ ഒരു മഹാ പ്രപഞ്ചം ഉള്ളടങ്ങിയിട്ടുണ്ട് എന്നതിനപ്പുറം അതിൽ ജീവനും ബോധവും വിവിധങ്ങളായ ജീവജാലങ്ങളും ഇന്നത്തെ പ്രപഞ്ചത്തിൽ നാം കാണുന്ന മറ്റെല്ലാ വസ്തുക്കളും പ്രതിഭാസങ്ങളും പ്രകൃതിനിയമങ്ങളുംകൂടി അതിസൂക്ഷ്മാവസ്ഥയിൽ ഉള്ളടങ്ങിയിരിക്കുന്നു എന്നതാണ്.

എന്നാൽ ശാസ്ത്രജ്ഞർ ഭൗതിക പ്രപഞ്ചത്തെപ്പറ്റി മാത്രമേ ബോധവാന്മാരായിട്ടുള്ളു. അഭൗതികമായ ബോധവും ജീവനും ജീവികളും കൂടി സിൻഗുലാരിറ്റിയിൽ ഉള്ളടങ്ങിയിട്ടുണ്ട് എന്ന വസ്തുതയിലേക്ക് അവരുടെ ചിന്ത പോകുന്നില്ല. ബോധവും ജീവനും ജീവികളുമൊന്നും ഭൗതികോത്പന്നങ്ങളല്ല എന്ന വസ്തുതയെ അവർ കാണുന്നില്ല. രാസ പ്രവർത്തനങ്ങളിൽനിന്നാണ് അവയൊക്കെ ഉണ്ടാകുന്നതെന്ന് അവരിൽ ചിലർ വാദിക്കുന്നുണ്ട്. അത് ശാസ്ത്രവിരുദ്ധവും യുക്തിവിരുദ്ധവുമാണ്. കാരണം, രാസ പ്രവർത്തനത്തിൽനിന്ന് അവ ഉണ്ടാകണമെങ്കിൽ ആ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന രാസവസ്തുക്കളിൽ അവയുടെ ഘടകങ്ങൾ ഉണ്ടായിരിക്കണം. ഹൈഡ്രജനും ഓക്സിജനും അടങ്ങിയിട്ടില്ലാത്ത രണ്ടു പദാർത്ഥങ്ങൾ തമ്മിൽ പ്രതിപ്രവർത്തിച്ചാൽ ഒരിക്കലും ജലം ഉണ്ടാകില്ല. അതുപോലെ ജീവന്‍റെ അംശങ്ങൾ അടങ്ങിയിട്ടില്ലാത്ത പദാർത്ഥങ്ങളിൽനിന്ന് ജീവനും ഉണ്ടാവില്ല. അതായത്, ജീവൻ ആദിയിൽത്തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു. ഇന്നും ജീവനുള്ളവ ഉണ്ടാകുന്നത് ജീവനുള്ളവയിൽനിന്നാണ്. അതുപോലെതന്നെ ബോധവും. ഇതിനൊന്നും സങ്കോചം ബാധകമല്ലാത്തതിനാൽ അവ എന്നും മാറ്റമില്ലാതെ നിൽക്കുന്നു. അവ അവ്യയമാണെന്നർത്ഥം.

ഇപ്രകാരം ജീവിവൈവിധ്യങ്ങളും പുതുതായി ഉണ്ടാകുന്നതാവാൻ വഴിയില്ല. സിൻഗുലാരിറ്റി പ്രപഞ്ചത്തിന്‍റെ സങ്കോചാസ്തിത്വം ആയതിനാൽ പ്രപഞ്ചത്തിലുള്ള എല്ലാ ജീവിവൈവിദ്ധ്യങ്ങളും അതിസൂക്ഷ്മാവസ്ഥയിൽ സിൻഗുലാരിറ്റിയിൽ നിലനിൽക്കുന്നുണ്ടാവണം. ജീവികളുടെ അതിസൂക്ഷ്മാവസ്ഥ എന്നത് അവയുടെ ജീനോം ശേഖരം തന്നെ ആയിരിക്കണം. അങ്ങനെയായതുകൊണ്ടാണ് ഇൻഫ്ലേഷൻ സംഭവിക്കുമ്പോൾ  അവയെല്ലാം പടിപടിയായി വിസ്താരിതമായി ഭവിക്കുന്നത്.

 

ഇതുവരെ വിവരിച്ച ആദിയിലെ അവസ്ഥയെയും തുടർന്നുള്ള മാറ്റങ്ങളെയും ഇങ്ങനെ സംക്ഷേപിക്കാം: 

1.    അത്യന്ത സൂക്ഷ്മവും ഏകവുമായ സിൻഗുലാരിറ്റി. പ്രപഞ്ചത്തിന്‍റെ സങ്കോചത്തിന്‍റെ പരമാവസ്ഥയാണിത്. അതായത്, പ്രപഞ്ചം അത്യന്ത സൂക്ഷ്മാവസ്ഥയിൽ സിൻഗുലാരിറ്റിയിൽ ഉൾക്കൊണ്ടിരിക്കുന്നു.

2.    അതിൽ ഭൗതികമായ ബൃഹത് പ്രപഞ്ചവും പ്രകൃതി പ്രതിഭാസങ്ങളും നിയമങ്ങളും അതിനോടൊപ്പം ബോധവും ജീവനും ജീവിവൈവിധ്യവും മറ്റ് അഭൗതിക പ്രതിഭാസങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നു.

3.    സിൻഗുലാരിറ്റിയുടെ ഇൻഫ്ലേഷൻ എന്ന വികാസത്തിന്‍റെ ആദ്യഘട്ടത്തിൽ പ്രോട്ടോൺ, ഇലക്ട്രോൺ തുടങ്ങിയ സബ് ആറ്റമിക കണങ്ങൾ വിസർജ്ജിക്കപ്പെടുന്നു.

4.    തുടർന്ന് ആ സബ് ആറ്റമിക കണങ്ങളിൽനിന്ന് ആറ്റങ്ങൾ ഉണ്ടാകുന്നു. ആറ്റങ്ങൾ വിവിധ അനുപാതങ്ങളിൽ ചേർന്ന് മൂലകങ്ങളും അവയുടെ സംയോജനം വഴി വസ്തുക്കളും ഈ പ്രപഞ്ചം തന്നെയും ഉണ്ടാകുന്നു.

5.    പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.

6.    വികാസം ഒരിക്കൽ നിലച്ച് സങ്കോചം തുടങ്ങുന്നു. 

7.    സങ്കോചത്തിന്‍റെ അവസാനം സിൻഗുലാരിറ്റിയിലേക്ക് തിരികെയെത്തുന്നു.

8.    ഈ വികാസ-സങ്കോച പ്രക്രിയ ആവർത്തിക്കുന്നു. 

         ഇപ്പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ ഭാരതീയ ഋഷിമാർ ബിഗ് ബാങ്ങിനും ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ആവിഷ്കരിച്ചിട്ടുള്ളവയാണ്. സയന്‍റിസ്റ്റുകളെപ്പോലെതന്നെ അവരും ഈ പ്രപഞ്ചത്തെ നിരീക്ഷിച്ചും വസ്തുതകളെപ്പറ്റി ഗാഢമായി മനനം ചെയ്തുമാണ് ഈ കണ്ടെത്തലുകളിൽ എത്തിയത്. കാരണം അവരുടെ കണ്ടെത്തൽ തികച്ചും യുക്തിഭദ്രമാണ്. അവരുടെ കണ്ടെത്തലിനെ ഇപ്പോൾ ഭൗതികശാസ്ത്രം ശരിവയ്ക്കുന്നു എന്ന യാഥാർത്ഥ്യം അതിനുള്ള തെളിവാണ്. നമുക്ക് ഈ കാര്യങ്ങളെ വിശദമായി പരിശോധിക്കാം.

1.   സിൻഗുലാരിറ്റിയും ആത്മാവും

സിൻഗുലാരിറ്റി എന്നു നാം ഇന്നു വിളിക്കുന്ന ഏകവും അവ്യക്തവും അതിസൂക്ഷ്മവുമായ പ്രപഞ്ച സത്തയെ (essence) ഋഷിമാർ ആത്മാവ് എന്നാണു വിളിച്ചത്. ഈ പ്രപഞ്ചവും അതിലെ സകല വസ്തുക്കളും ജീവികളും ജീവനും ബോധവും എല്ലാം അതിസൂക്ഷ്മ അവസ്ഥയിൽ ഉള്ളടങ്ങിയ മഹാ സത്ത്വമാണ് ആത്മാവ്. 

അതായത്, ആത്മാവിൽ ബോധവും ജീവനും ജീവിവർഗ്ഗങ്ങളുടെ രാസസൂത്രങ്ങളും അതിനോടൊപ്പം ഭൗതിക പ്രപഞ്ചത്തിന്‍റെ അവ്യക്തവും അത്യന്തസൂക്ഷ്മവുമായ അംശവും അവയെയെല്ലാം നിയന്ത്രിക്കുന്ന നിയമവും അടങ്ങിയിരിക്കുന്നു. 

എന്നാൽ, നേരത്തേ സൂചിപ്പിച്ചതുപോലെ, ശാസ്ത്രജ്ഞന്മാർ സിൻഗുലാരിറ്റിയിൽ കാണുന്നത് ഭൗതികാംശം മാത്രമാണ്. ഇതാണ് ആധുനിക ശാസ്ത്രവും പൗരാണിക തത്ത്വചിന്തയും തമ്മിലുള്ള വീക്ഷണ വ്യത്യാസം. ജീവനും ബോധവും ജീവിവർഗ്ഗങ്ങളുടെ രാസസൂത്രങ്ങളും സിൻഗുലാരിറ്റിയിൽ ഉള്ളടങ്ങിയിട്ടില്ലെങ്കിൽ അതിന്‍റെ വികാസ ഘട്ടത്തിൽ അവ പിന്നെ എവിടെന്നു വരാനാണ്? ഭൗതിക വസ്തുക്കളുടെ രാസ പ്രവർത്തനത്തിലൂടെ ഇവയൊക്കെ ഉണ്ടായി എന്ന വാദം നിലനിൽക്കുന്നതല്ല. കാരണം ഇവയുടെ ഘടകങ്ങൾ ഏതെങ്കിലും രൂപത്തിൽ ആ ഭൗതിക വസ്തുക്കളിൽ അടങ്ങിയിട്ടില്ലെങ്കിൽ അവയിൽനിന്ന് ഒരിക്കലും ജീവനോ ബോധമോ ഒന്നും ഉണ്ടാകില്ല. ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടാവുകയോ ഉള്ളതൊന്നും ഒരിക്കലും ഇല്ലാതാവുകയോ ചെയ്യില്ല. ഗീത 2.16 നൽകുന്ന പാഠമാണത്. അപ്പോൾ ഇവയെല്ലാം ആദിയിൽ സിൻഗുലാരിറ്റിയിൽത്തന്നെ അടങ്ങിയിട്ടുണ്ടാവണം. 

ആത്മാവ് ആളുകൾ പൊതുവേ ധരിച്ചുവച്ചിരിക്കുന്നതുപോലെ കൂടു വിട്ടു കൂടു മാറുന്ന ഒരു പ്രകാശമൊന്നുമല്ല. ആത്മാവ് എന്താണെന്ന് അറിയാനുള്ള  ഉപനിഷത് പ്രബോധനങ്ങൾ താഴെ കൊടുക്കുന്നു. ഉപനിഷത്തുകളാണ് ഭാരതീയ ആത്മീയ തത്ത്വചിന്തയുടെ പരമോന്നത കൃതികൾ. അവയിൽ ആത്മാവിനെപ്പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്.

(1) ഈ പ്രപഞ്ചത്തിന്‍റെ സത്തയാണ് ആത്മാവ് (ഛാന്ദോഗ്യ ഉപനിഷത് 2.23.2, 2.23.3). ആത്മാവു മാത്രമാണ് ആദിയിൽ ഉണ്ടായിരുന്നത് (ഐതരേയ ഉപനിഷത് 1.1.1, ബൃഹദാരണ്യക 1.4.1, 1.4.17, മാണ്ഡൂക്യ ഉപനിഷത് 7 & 12)). 

(2) ആത്മാവ് തേജോമയനും അമൃതമയനും ആണ് (ബൃഹ. 2.5.1 മുതൽ 2.5.14 വരെ). അതായത്, സനാതനമായ തേജസ്സ് ആണ്. 

(3) രഥചക്രത്തിന്‍റെ ആരക്കാലുകൾ അതിന്‍റെ നാഭിയിലും നേമിയിലും ഉറപ്പിച്ചിരിക്കുന്നതുപോലെ ഈ പ്രപഞ്ചത്തിനും ജീവികൾക്കും ജീവനുമെല്ലാം ആധാരം ആത്മാവാകുന്നു. (ബൃഹ 2.5.15). 

(4) ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്നവനായ അശരീരിയും തേജോരൂപനുമാണ് ആത്മാവ് (ഛാന്ദോഗ്യ ഉപനിഷത് 3.14.2, 3.14.3). 

(5) ആത്മാവിൽനിന്നാണ് സകലതും ഉണ്ടായിവരുന്നത് (ഛാന്ദോഗ്യ 7.26.1). 

(6) ഭൂമിയും ആകാശവും അഗ്നിയും വായുവും സൂര്യനും നക്ഷത്രങ്ങളും തുടങ്ങി ഇവിടെ എന്തെല്ലാമുണ്ടോ അതെല്ലാം ആത്മാവിൽ അന്തർഭവിച്ചിരിക്കുന്നു (ഛാന്ദോഗ്യ 8.1.1 മുതൽ 8.1.5). 

(7) ആത്മാവിനു നാശമില്ല, അത് അവ്യയമാണ്; പ്രായം അതിനെ ബാധിക്കുന്നില്ല, നിത്യമാണത് (ഛാന്ദോഗ്യ 8.1.5, 8.4.1). 

(8) അരൂപിയാണ് ആത്മാവ് (ഈശാവാസ്യോപനിഷത് 8, കഠ ഉപനിഷത് 2.22, 3.15). 

(9) ആത്മാവിനു ജനനമരണങ്ങളില്ല (കഠം 2.18). 

(10) പ്രപഞ്ചം പിൻവലിക്കപ്പെടുമ്പോഴാണ് ആത്മാവ് സ്വരൂപത്തിൽ എത്തുന്നത് (മാണ്ഡൂക്യ ഉപനിഷത് 7). 

(11) പ്രപഞ്ചത്തിലെ ഭൂതങ്ങളുടെയെല്ലാം ഉദ്ഭവ സ്ഥാനം ആത്മാവ് ആകുന്നു (മുണ്ഡക ഉപനിഷത് 1.1.6). 

(12) സർവതിന്‍റെയും ഉദ്ഭവ സ്ഥാനവും വിലയ സ്ഥാനവും ആത്മാവാകുന്നു. എല്ലാറ്റിന്‍റെയും സമാഹരണ സ്ഥാനവും ജീവികളുടെ അവ്യയമായ ബീജവും ആത്മാവാണ് (ഭഗവദ് ഗീത 9.18).

നോക്കുക, പൗരാണിക ഋഷിമാർ പറഞ്ഞ ആത്മാവും ഇന്ന് ശാസ്ത്രജ്ഞർ പറയുന്ന സിൻഗുലാരിറ്റിയും കൃത്യമായി ഒന്നായി തീരുന്നത്. ആധുനിക ശാസ്ത്രജ്ഞരുടെ ഗവേഷണം അവരെ അവസാനം കൊണ്ടെത്തിച്ചിരിക്കുന്നത് ഋഷിമാരുടെ ചിന്താപരിസരത്തു തന്നെ!! പക്ഷേ, അവർ ഒരു കാര്യത്തിൽ ഋഷിമാരോടൊപ്പം എത്തിയിട്ടില്ല. സിൻഗുലാരിറ്റിയിൽ അവർ ഭൗതികതയെ മാത്രമേ കാണുന്നുള്ളു. അഭൗതികമായ ബോധവും ജീവനും ജീവിവൈവിധ്യത്തിന്‍റെ ആധാരവുമൊന്നും അതിൽ കാണാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ ഋഷിമാരുടെ പിന്നിലാണ് ഇപ്പോഴും അവരുടെ സ്ഥാനം. ഭൗതിക വാദികൾക്ക് ഭൗതിക-അഭൗതിക ഐക്യഭാവത്തെ കാണാൻ വലിയ പ്രയാസമാണ്.

2.            സിൻഗുലാരിറ്റിയുടെ ഉള്ളടക്കം

         സിൻഗുലാരിറ്റിയിൽ ഭൗതികമായ ബൃഹത് പ്രപഞ്ചവും പ്രകൃതി പ്രതിഭാസങ്ങളും നിയമങ്ങളും മറ്റും ഉൾക്കൊണ്ടിരിക്കുന്നു. അതിനോടൊപ്പം ബോധവും ജീവനും ജീവിവൈവിധ്യവും മറ്റ് അഭൗതിക പ്രതിഭാസങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട് എന്നു നാം മനസ്സിലാക്കി. 

         ഇനി, ഋഷിമാർ തത്സംബന്ധമായി പറയുന്നത് എന്തൊക്കെയെന്നു നോക്കാം. കുറെ കാര്യങ്ങൾ മുകളിൽ വിഷയം 1-ൽ പറഞ്ഞിട്ടുണ്ട്. അവ ഉൾപ്പെടെ ഇക്കാര്യത്തിൽ ഉപനിഷത്തുകളും ഗീതയും പറഞ്ഞിട്ടുള്ള കാര്യങ്ങൾ താഴെ കൊടുക്കുന്നു. 

(1) ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്നവനായ അശരീരിയും തേജോരൂപനുമാണ് ആത്മാവ് (ഛാന്ദോഗ്യ ഉപനിഷത് 3.14.2, 3.14.3).

(2) ആത്മാവിൽനിന്നാണ് സകലതും ഉണ്ടായിവരുന്നത് (ഛാന്ദോഗ്യ 7.26.1). 

(3) ഭൂമിയും ആകാശവും അഗ്നിയും വായുവും സൂര്യനും നക്ഷത്രങ്ങളും തുടങ്ങി ഇവിടെ എന്തെല്ലാമുണ്ടോ അതെല്ലാം ആത്മാവിൽ അന്തർഭവിച്ചിരിക്കുന്നു (ഛാന്ദോഗ്യ 8.1.1 മുതൽ 8.1.5).

(4) സർവതിന്‍റെയും ഉദ്ഭവ സ്ഥാനവും വിലയ സ്ഥാനവും ആത്മാവാകുന്നു. എല്ലാറ്റിന്‍റെയും സമാഹരണ സ്ഥാനവും ജീവികളുടെ അവ്യയമായ ബീജവും ആത്മാവാണ് (ഭഗവദ് ഗീത 9.18).

(5) ആത്മാവിൽനിന്നാണ് മനുഷ്യരുൾപ്പെടെ സകല ജീവികളും പ്രാണനുകളും സത്യവുമെല്ലാം ഉണ്ടായി വന്നത് (മുണ്ഡക ഉപനിഷത് 2.1.7). എന്നുവച്ചാൽ ഭൗതിക പ്രപഞ്ചത്തിനു പുറമേ ആത്മാവിൽ ജീവനും ജീവിവർഗ്ഗങ്ങളുടെ രാസസൂത്രങ്ങളും (അവ്യയമായ ബീജവും) ഉള്ളടങ്ങിയിരുന്നു. 

(6) ചിലന്തി അതിന്‍റെ വലകൾ ഉതിർക്കുകയും പിന്നെ പിൻവലിക്കുകയും ചെയ്യുന്നതുപോലെ ആത്മാവ് സകല ജീവികളെയും പ്രാണനുകളെയും പുറപ്പെടുവിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു (ബൃഹ 2.1.20, മുണ്ഡക 1.1.7, ഗീത 9.7 തുടങ്ങിയവ). അതായത് എല്ലാ ജീവികളും സൂക്ഷ്മാവസ്ഥയിൽ ആത്മാവിൽ സ്ഥിതി ചെയ്യുന്നു.

ഇതുപോലുള്ള പ്രഖ്യാപനങ്ങൾ വേറെയുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ആത്മാവിൽ ഈ ഭൗതിക പ്രപഞ്ചവും അതിനൊപ്പം അഭൗതികമായ ജീവനും ബോധവും ജീവിവർഗ്ഗങ്ങളുമെല്ലാം അതിസൂക്ഷ്മാവസ്ഥയിൽ ഉൾക്കൊണ്ടിരിക്കുന്നു എന്നാണ്. അതായത്, സിൻഗുലാരിറ്റിയുടെ കാര്യത്തിൽ എന്തെല്ലാം ബാധകമാണോ അവയെല്ലാം ആത്മാവിന്‍റെ കാര്യത്തിലും ബാധകം തന്നെ എന്നാണ്. ഇനി മൂന്നാമത്തെ വിഷയം:

 

3.            സിൻഗുലാരിറ്റിയുടെ ഇൻഫ്ലേഷൻ

സിൻഗുലാരിറ്റിയുടെ ഇൻഫ്ലേഷൻ എന്ന വികാസത്തിന്‍റെ ആദ്യഘട്ടത്തിൽ പ്രോട്ടോൺ, ഇലക്ട്രോൺ തുടങ്ങിയ സബ് ആറ്റമിക കണങ്ങൾ വിസർജ്ജിക്കപ്പെടുന്നു.

ഈ പ്രക്രിയയെപ്പറ്റി ഋഷിമാർ പറഞ്ഞിട്ടുള്ളത് എന്താണെന്നു നോക്കാം. 

(1) ആത്മാവു മാത്രമാണ് ആദിയിൽ ഉണ്ടായിരുന്നത്. ഭൂതോത്പത്തിക്കായി അവൻ സ്വയം വലുതായി. എന്നിട്ട് പുരുഷനും സ്ത്രീയും എന്നിങ്ങനെ രണ്ടായി വിഭജിച്ചു. അങ്ങനെ ആദ്യത്തെ ദ്വന്ദ്വമുണ്ടായി. അവയുടെ സംയോജനത്തിലൂടെ ഭൂതങ്ങൾ ഉദ്ഭവിച്ചു (Brha 1.4.1, 1.4.3). 

ഇവിടെ സ്ത്രീ എന്നത് ഭൗതികാംശവും പുരുഷൻ അഭൗതികാംശവും ആകുന്നു. സ്ത്രീയാൽ ആണ് ആകാശം പൂരിതമായിരിക്കുന്നത് എന്ന 1.4.3-ലെ പ്രസ്താവനയിൽനിന്ന് ഇതു വ്യക്തം. അതായത്, ആദ്യം ഉണ്ടായ ദ്വന്ദ്വം പുരുഷനും പ്രകൃതിയും ആണ്. ഈ പുരുഷ-പൃകൃതി ദ്വന്ദ്വമാണ് ബ്രഹ്മം എന്ന് അറിയപ്പെടുന്നത്.

ആദ്യ വികാസത്തിൽ ആത്മാവിൽനിന്ന് ഭൗതിക അംശം വേർതിരിക്കപ്പെടുന്നതായിട്ടാണ് ഇവിടെ പറയുന്നത്. സിൻഗുലാരിറ്റിയിലും ഭൗതികാംശമായ സബ് ആറ്റമിക കണങ്ങൾ (പ്രോട്ടോൺ, ഇലക്ട്രോൺ തുടങ്ങിയവ) ആണ് വിമുക്തമാക്കപ്പെടുന്നത്.

4.            പ്രപഞ്ചാവതരണം  

സിൻഗുലാരിറ്റിയുടെ രണ്ടാം ഘട്ട വികാസത്തിലൂടെ സബ് ആറ്റമിക കണികകൾ നിയമാനുസൃതം സംയോജിച്ച് ആറ്റങ്ങൾ ഉണ്ടാവുകയും ആറ്റങ്ങൾ വിവിധ അനുപാതത്തിൽ കൂടിച്ചേർന്ന് മൂലകങ്ങളുണ്ടാവുകയും തുടർന്ന് ഈ പ്രപഞ്ചംതന്നെ രൂപപ്പെടുകയും ചെയ്യുന്നു.

 

(1) ഇതേ പ്രക്രിയ തന്നെയാണ് ബൃഹദാരണ്യക ഉപനിഷത് 1.4.3-ൽ നാം മുകളിൽ കണ്ടത്. ഇരട്ടകൾ യോജിച്ച് ഭൂതങ്ങൾ ഉണ്ടാകുന്നുവെന്നാണ് അവിടത്തെ വിവരണം. എന്നു മാത്രമല്ല, ഇവിടെയുള്ളതെല്ലാം അർദ്ധഭാഗങ്ങളായിട്ടാണ് നിലനിൽക്കുന്നതെന്നും ഒരു പകുതി മറ്റേതിനോട് ചേർന്നിട്ടാണ് ഓരോ ജീവിയും ഉണ്ടാകുന്നതെന്നും കൂടി ഈ വാക്യത്തിൽ വിശദീകരിച്ചിരിക്കുന്നു. ക്രോമസോമുകളുടെ കാര്യത്തിലും ഈ വിഭജനം നമുക്കു കാണാമല്ലോ? 

 

(2) തപസ്സുകൊണ്ട് ബ്രഹ്മം വികസിക്കുന്നുവെന്നും അതുവഴി പദാർത്ഥങ്ങളും ഈ പ്രപഞ്ചവും ജീവികളും ഉണ്ടാകുന്നുവെന്നും മുണ്ഡക ഉപനിഷത് 1.1.8-ൽ പറയുന്നു. ആരുടെ തപസ്സാണിതെന്ന് അടുത്ത മന്ത്രത്തിൽ (1.1.9) ഉപനിഷത് വ്യക്തമാക്കുന്നുണ്ട്. ഈ ബ്രഹ്മവും പദാർത്ഥങ്ങളും ജീവികളുമെല്ലാം ആ തപസ്വിയിൽനിന്നാണ് ഉണ്ടാകുന്നതെന്ന് മന്ത്രത്തിൽ വിശദമാക്കുന്നു. ഈ തപസ്വി ആത്മാവ് തന്നെയാണ്.

 

ഇപ്പോൾ എല്ലാം വ്യക്തമായിരിക്കുന്നു. ഭൗതികശാസ്ത്രം എന്ന സയൻസ് ഇന്ന് ചെന്നെത്തിയിരിക്കുന്നത് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭാരതീയ ഋഷിമാർ നിലയുറപ്പിച്ച ഇടത്തുതന്നെയാണെന്നു വ്യക്തം.

 

4 (a) ജീവോത്പത്തി

ബിഗ് ബാങ് സിദ്ധാന്തം പറയാതെ പോയിട്ടുള്ളത് ജീവന്‍റെ, ബോധത്തിന്‍റെ, ജീവിവൈവിധ്യത്തിന്‍റെ ഉത്പത്തിയെപ്പറ്റിയാണ്. പരിണാമ സിദ്ധാന്തമാണ് സയൻസ് ഇക്കാര്യത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ജീവ വൈവിദ്ധ്യങ്ങൾ ഉണ്ടായിട്ടുള്ളത് പരിണാമത്തിലൂടെയാണെന്ന് ആ സിദ്ധാന്തം പറയുന്നു. ഇത് ബൈബിളിലെ ഉത്പത്തിക്കഥകൾക്കുള്ള ഒരു ബദലായി അവതരിപ്പിക്കപ്പെട്ടതാണെന്നുവേണം കരുതാൻ. 

പക്ഷേ, ബിഗ് ബാങ് സിദ്ധാന്തവുമായി ഇത് പൊരുത്തപ്പെടുന്നില്ല. ഈ പ്രപഞ്ചം സിൻഗുലാരിറ്റിയിലേക്ക് സങ്കോചിക്കുമ്പോൾ സകല ജീവജാലങ്ങളുംകൂടി അപ്രകാരം സങ്കോചത്തിനു വിധേയമായി ഏതെങ്കിലും രൂപത്തിൽ സിൻഗുലാരിറ്റിയിൽ എത്തേണ്ടതാണ്. ജെനറ്റിക് കോഡോ മറ്റോ ആയി അതിൽ ഉൾക്കൊള്ളാവുന്നതാണല്ലോ. പിന്നീട് സിൻഗുലാരിറ്റി വികസിച്ച് പ്രപഞ്ചമായി രൂപം കൊള്ളുമ്പോൾ അതേ പ്രക്രിയ വഴി സകല ജീവികളും വീണ്ടും പഴയപോലെ ആവിഷ്കരിക്കപ്പെടും എന്നതല്ലേ സംഭവിക്കേണ്ടത്? ഓരോ ജീവജാലവും സിൻഗുലാരിറ്റിയുടെ വികാസത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ അതിൽനിന്ന് നിർഗ്ഗളിച്ചു എന്നു കരുതുന്നതല്ലേ യുക്തിസഹം? യഥാർത്ഥത്തിൽ സംഭവിച്ചത് അങ്ങനെ ആയിരുന്നിരിക്കണം. അതായത്, ജീവനും ബോധവുമൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല. അത് സിൻഗുലാരിറ്റിയിൽ ഗുപ്തമാക്കപ്പെടുകയും പിന്നീട് ഭൗതിക സാഹചര്യങ്ങൾക്കനുസരിച്ച് വിമുക്തമാക്കപ്പെടുകയും ചെയ്യുന്നു. അവിടെ പരിണാമത്തിന് എന്തു പ്രസക്തി? എന്നുമാത്രമല്ല, പരിണാമ വാദത്തിൽ ആദ്യ ജീവൻ എങ്ങനെ, എവിടെനിന്ന് ഉണ്ടായി എന്ന് പറയുന്നില്ല. സയൻസിന് അതിനെപ്പറ്റി ഒന്നും അറിയില്ല. ബൈബിൾ കഥയെ പിന്തുടർന്നുകൊണ്ട് ചാൾസ് ഡാർവിൻ തന്നെ പറയുന്നത് ആദിയിൽ ഒന്നോ ഏതാനുമോ രൂപങ്ങളിൽ സ്രഷ്ടാവ് ജീവൻ ഊതിക്കയറ്റിയിട്ടുണ്ടാകും എന്നാണ്.

 

ഇക്കാര്യത്തിൽ പൗരാണിക ഋഷിമാർ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നു കാണാം. സർവ ഭൂതങ്ങളും ബ്രഹ്മത്തിൽനിന്നാണ് ഉണ്ടായിവന്നതെന്ന് പല വാക്യങ്ങളിലൂടെയും മന്ത്രങ്ങളിലൂടെയും ഉപനിഷത്തുകളും പല ശ്ലോകങ്ങളിലൂടെ ഗീതയും വെളിപ്പെടുത്തുന്നു. ഇതൊക്കെ നാം മുകളിൽ കണ്ടതാണ്. പ്രത്യേകിച്ചും ശ്വേതാശ്വതരത്തിലെ 6.12 മന്ത്രം പറയുന്നത് ശ്രദ്ധിക്കുക. ഏകമായ ബീജത്തെ ആത്മാവ് അനേകമായി പ്രകടിപ്പിച്ചു എന്നതാണ് ആ മന്ത്രത്തിലെ പ്രഖ്യാപനം. അതു മാത്രമല്ല, ഗീത 9.18-ൽ പറയുന്നു, ആത്മാവ് അവ്യയമായ ബീജത്തിന്‍റെ ഉറവിടമാണെന്ന്. ആ ബീജം ഒരിക്കലും നശിക്കുന്നില്ലെന്നും അതിൽനിന്നാണ് സകല ജീവികളും ഉണ്ടായതെന്നും അർത്ഥം. 

 

ആദിയിലെ ഒരു ഏകകോശ ജീവിയിൽനിന്നാണ് സർവ ജീവജാലങ്ങളും ഉരുത്തിരിഞ്ഞു വന്നതെന്ന പരിണാമ സിദ്ധാന്തത്തിന്‍റെ അവകാശ വാദം ഇതുമായി എത്ര യോജിച്ചുപോകുന്നുവെന്ന് നോക്കുക. പരിണാമത്തിലൂടെയാണ് ഈ ഉരുത്തിരിയൽ എന്ന ഒരു കാര്യത്തിൽ മാത്രമേ രണ്ടും തമ്മിൽ വ്യത്യാസമുള്ളു. ആത്മാവ് തന്നിലെ അവ്യയമായ ബീജത്തിൽനിന്ന് വിവിധ ജീവികളെ ഓരോരോ ഘട്ടങ്ങളിൽ പ്രകാശിപ്പിച്ചു എന്നാണ് ഋഷിമാർ സിദ്ധാന്തിക്കുന്നത്.

 

ഇതിൽനിന്നു വ്യത്യസ്തമായി പരിണാമ സിദ്ധാന്തം പറയുന്നതോ? ചില ജീവികളുടെ കോശഘടനയിൽ അവിചാരിതമായി ഉണ്ടാകുന്ന വ്യതിയാനങ്ങൾ അവയുടെ അതിജീവനത്തിനു സഹായകരമാകുമെങ്കിൽ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും അങ്ങനെയുണ്ടാകുന്ന സഞ്ചിത മാറ്റങ്ങളുടെ ആകെത്തുകയായി പുതിയ ഇനം ജീവി ഉരുത്തിരിയുന്നു എന്നുമാണ്. തികഞ്ഞ യാദൃച്ഛികതയിൽ ആശ്രിതമായ ഈ ഉരുത്തിരിയൽ യുക്തിസഹമായ ഒരു അനുമാനമല്ല. മറ്റൊരു മാർഗ്ഗവുമില്ലാത്തപ്പോൾ ആശ്രയിക്കാവുന്ന ഒരു പരിഹാരമാർഗ്ഗം മാത്രമാണത്. പുതുതായുണ്ടായ കോശഘടനാ വ്യതിയാനം അതിജീവനത്തിന് അനുഗുണമാകുമോ എന്ന് ആരാണ് നിശ്ചയിക്കുക? അത് അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യുന്നതിൽ എന്ത് ഉറപ്പാണുള്ളത്? അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ഈ സിദ്ധാന്തത്തിനു പ്രയാസമുണ്ടാകും.

5, 6, 7 & 8. പ്രപഞ്ചത്തിന്‍റെ വികാസവും സങ്കോചവും ആവർത്തനവും  

മുകളിൽ പറഞ്ഞ പ്രകാരം രൂപപ്പെട്ട പ്രപഞ്ചം വികസിക്കുകയും അതിനുശേഷം സങ്കോചിച്ച് പൂർവാവസ്ഥയായ സിൻഗുലാരിറ്റിയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ വികാസ-സങ്കോച പ്രക്രിയ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്രയുമാണ് പ്രപഞ്ചത്തെ സംബന്ധിച്ചുള്ള സയൻസിന്‍റെ കാഴ്ചപ്പാട്.

 

ഈ വിഷയത്തിൽ ഋഷിചിന്ത എങ്ങനെയാണെന്നു നോക്കാം.

(1) മുണ്ഡക ഉപനിഷത് 1.1.7 പറയുന്നു, ‘ചിലന്തി വല നിർമ്മിക്കുകയും പിൻവലിക്കുകയും ചെയ്യുന്നതുപോലെ ആത്മാവ് തന്നിൽനിന്ന് ഈ ജഗത്തിനെ പുറപ്പെടുവിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു’.

 

(2) സുദീപ്തമായ അഗ്നിയിൽനിന്ന് ആയിരക്കണക്കിന് വിസ്ഫുലിംഗങ്ങൾ ഉണ്ടാവുന്നതുപോലെ അക്ഷരമായ ആത്മാവിൽനിന്ന് വിവിധങ്ങളായ ഭൂതങ്ങൾ ഉണ്ടായി പിന്നെ അതിൽത്തന്നെ തിരികെ വിലയം കൊള്ളുന്നു (മുണ്ഡകം 2.1.1).

 

(3) ഓരോ കല്പത്തിന്‍റെയും ആരംഭത്തിൽ സ്വന്തം പ്രകൃതിയെ ഉപാധിയാക്കി ആത്മാവ് ഭൂതങ്ങളെ പുറപ്പെടുവിക്കുകയും കല്പത്തിന്‍റെ അന്ത്യത്തിൽ അവയെ ആ പ്രകൃതിയിൽ ലയിപ്പിക്കുകയും ചെയ്യുന്നു (ഭഗവദ് ഗീത 9.7).

 

ഇവിടെ പ്രകൃതി എന്നു പറയുന്നത് ആത്മാവിൽ ലീനമായിരിക്കുന്ന ഭൗതിക ശക്തിയെയാണ്. അതിനെപ്പറ്റി നാം മുകളിൽ മനസ്സിലാക്കിയിട്ടുണ്ട്. സിൻഗുലാരിറ്റിയിലെ അത്യന്ത സൂക്ഷ്മമായ, ഏതാണ്ട് പൂജ്യമായ, ഭൗതികാംശത്തെയാണ് ആത്മാവിൽ ലീനമായ പ്രകൃതി എന്നു പറയുന്നത്.

(4) ആയിരം യുഗങ്ങൾ കൂടുമ്പോൾ അവ്യക്തമായ ആത്മാവിൽനിന്ന് സർവവും വ്യക്തമായ രൂപങ്ങളിൽ പുറപ്പെടുന്നു; അത്രയും കാലം കഴിയുമ്പോൾ അവയെല്ലാം ആത്മാവിൽ ചെന്നു വിലയം കൊള്ളുന്നു (ഗീത 8.18). ഇങ്ങനെ വീണ്ടും വീണ്ടും ഉണ്ടാവുകയും പിൻവലിയുകയും ചെയ്തുകൊണ്ടിരിക്കുന്നു (ഗീത 8.19). അതായത്, ഈ പ്രക്രിയ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

 

ഇവിടെ ആയിരം യുഗം എന്നു പറയുന്നത് ഒരു കല്പം ആകുന്നു. ദീർഘമായ ഒരു കാലയളവ് ആണത്. ചില കണക്കുകൂട്ടലുകൾ അനുസരിച്ച് അത് 1752 കോടി മനുഷ്യ വർഷങ്ങൾ വരും.  അതിനർത്ഥം, പ്രപഞ്ചം ഉണ്ടായി 1752 കോടി വർഷങ്ങൾ കഴിയുമ്പോൾ അത് പിൻവലിക്കപ്പെടും എന്നാണ്. 

 

ഇങ്ങനെ പിൻവലിക്കപ്പെടുന്നതിന്‍റെ ഒരു വിവരണം ബൃഹദാരണ്യകോപനിഷത് 1.2.1-ൽ നൽകിയിട്ടുണ്ട്. ആദിയിലെ ഒരു പ്രക്രിയ എന്ന നിലയിലാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. ഉപനിഷത് പറയുന്നു, ആദിയിൽ എല്ലാം വിഴുങ്ങുന്ന മൃത്യുവിനാൽ സർവതും ആവൃതമായിരുന്നു എന്ന്. അതുവരെ ഉണ്ടായിരുന്നതിനെയെല്ലാം മൃത്യു വിഴുങ്ങി എന്നർത്ഥം. മൃത്യു എന്നാൽ എന്തിനെയും വിഴുങ്ങുന്ന അദമ്യമായ വിശപ്പ് ആണെന്നാണ് ഉപനിഷത് വിശേഷിപ്പിക്കുന്നത്. ഇത് ഒരു ബ്ലാക്ക് ഹോളിന്‍റെ പ്രവർത്തനംപോലെ തോന്നുന്നില്ലേ? പ്രപഞ്ചത്തിന്‍റെ പിൻവാങ്ങൾ അങ്ങനെതന്നെ ആയിരിക്കാം.

a.            വികാസ-സങ്കോചങ്ങൾക്കുള്ള പ്രേരണ.

         എന്തിനാണ്, ആരുടെ പ്രേരണയാലാണ് പ്രപഞ്ചം ആവർത്തിച്ച് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്? അങ്ങനെയുള്ള ഒരു പ്രേരണ ഈ പ്രപഞ്ചത്തിൽ സ്വതവേ ഉൾച്ചേർന്നിരിക്കുന്നതാണോ? ആരാണ്, ഏതു ശക്തിയാണ് ആ പ്രേരണയെ ഇങ്ങനെ നിബന്ധിച്ചിരിക്കുന്നത്? എന്തിനുവേണ്ടി?

         ഇതിന് ഭാരത തത്ത്വചിന്ത ഒരു ഉത്തരം നൽകുന്നുണ്ട്. ആ ശക്തി ആത്മാവു തന്നെയാണ്. ആത്മാവ് ബോധത്തോടുകൂടിയ ഒരു സ്വത്വമാണെന്ന് നാം കണ്ടല്ലോ? അറിയാനും അറിയിക്കാനുമുള്ള ശക്തിയാണു ബോധം. അതിനാൽ ആത്മാവ് അറിയുന്നു, അറിയിക്കുന്നു. ആനന്ദിക്കാനാണ് ആത്മാവ് ഭൂതങ്ങളെ അവതരിപ്പിച്ചതെന്ന് ബൃഹദാരണ്യക ഉപനിഷത് 1.4.3-ൽ പറയുന്നു. ആനന്ദമാണ് ജീവിലോകത്തെ നിലനിർത്തുന്നതെന്നാണ് ഇതു നൽകുന്ന സൂചന. സന്തത്യുത്പാദനം ആനന്ദ തൃഷ്ണയാൽ പ്രേരിതമായി നടക്കുന്ന ഒരു പ്രക്രിയ ആണല്ലോ?

മനുഷ്യന് ഒന്നിന്‍റെ ആവരണമായി മറ്റൊന്ന് എന്ന രീതിയിൽ അഞ്ചു കോശങ്ങളുണ്ടെന്നും അവയിൽ ഏറ്റവും ആന്തരികമായ കോശം ആനന്ദമയ കോശമാണെന്നും തൈത്തിരീയ ഉപനിഷത് ബ്രഹ്മവല്ലി അദ്ധ്യായം വിശദീകരിക്കുന്നു. എല്ലാ പ്രവൃത്തികളുടെയും പരമമായ പ്രചോദനം ആനന്ദതൃഷ്ണ ആണെന്നർത്ഥം. നിലനിൽക്കുന്നതും ആനന്ദത്തിന്, അറിയുന്നതും അറിയിക്കുന്നതും ആനന്ദത്തിന്. ആനന്ദമാണ് എല്ലാറ്റിനും ആധാരം. ആനന്ദം!!!!

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

 

No comments:

Post a Comment